കണ്ണൂർ: വിവാഹ ഒരുക്കത്തിനിടെ സൂപ്പർ സ്പെഷാലിറ്റി പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കിന്റെ ഇരട്ടിമധുരവുമായി പ്രതിശ്രുത വധൂവരന്മാരായ ഡോ. ജിത്തു ഡൊമിനിക്കും
ഡോ. ഷെറിൻ ജോസും.
തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് പ്രമുഖ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളിലേക്കു നടന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷയിലാണ് സർജന്മാരായ ഇരുവരും ഒന്നാം റാങ്ക് നേടിയത്. ഡോ. ജിത്തു ഡൊമിനിക്ക് മിനിമൽ അക്സസ്സർജറിയിലും ഡോ. ഷെറിൻ ജോസ് പ്ലാസ്റ്റിക് സർജറിയിലുമാണ് ഒന്നാം റാങ്ക് നേടിയത്.
എംബിബിഎസിന്റെ അഞ്ചുവർഷത്തെയും പിജിയുടെ മൂന്നു വർഷത്തെയും കോഴ്സിനുശേഷം മൂന്നു വർഷം നീളുന്നതാണ് സൂപ്പർ സ്പെഷാലിറ്റി കോഴ്സ്. കാസർഗോഡ് ചിറ്റാരിക്കാൽ കിഴക്കേൽ ഹൗസിൽ ഡൊമിനിക്ക്- മേഴ്സി ദന്പതികളുടെ മകനാണ് ഡോ. ജിത്തു ഡൊമിനിക്. തൃശൂർ മെഡിക്കൽ കോളജിലായിരുന്നു എംബിബിഎസ് പഠനം.
ഡൽഹി ഹിന്ദുറാവോ മെഡിക്കൽ കോളജിൽ പിജിക്കുശേഷം ഡൽഹി എയിംസിൽ സീനിയർ റസിഡന്റായി ജോലി ചെയ്യുകയാണ്. സഹോദരി ആദിത്യ ബംഗളൂരുവിൽ എംഎസ്ഡബ്ല്യു വിദ്യാർഥിനിയാണ്.
കണ്ണൂർ പള്ളിക്കുന്നിലെ ഒറ്റപ്ലാക്കൽ ജോസ്- കൊയ്ലി നഴ്സിംഗ് കോളജ് ട്യൂട്ടർ എൽസ ജോസ് ദന്പതികളുടെ മകളാണ് ഡോ. ഷെറിൻ ജോസ്. കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസും മൈസൂർ മെഡിക്കൽ കോളജിൽനിന്ന് പിജിയും പൂർത്തിയാക്കി. സഹോദരി ഷാർലിൻ ബംഗളൂരു ഐഐഎമ്മിൽ ജോലി ചെയ്യുന്നു. സഹോദരൻ ജോയൽ ബംഗളൂരുവിൽ സോഫ്റ്റ്വേർ എൻജിനിയറാണ്.
മാട്രിമോണി വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ആറുമാസം മുന്പ് വിവാഹം ഉറപ്പിച്ചു. സൂപ്പർ സ്പെഷാലിറ്റി പ്രവേശനത്തിന് ഇരുവരും ഓൺലൈൻ കോച്ചിംഗിൽ ചേർന്നു. അതിനുപുറമേ വീഡിയോ കോൾ വഴി പാഠഭാഗങ്ങൾ പങ്കിട്ട് പ്രവേശന പരീക്ഷയ്ക്ക് തയാറെടുപ്പ് പൂർത്തിയാക്കുകയും ചെയ്തു. ഇവരുടെ വിവാഹ മനസമ്മതം ഇന്നലെ കണ്ണൂർ തെക്കിബസാർ ഹോളി ഫാമിലി പള്ളിയിൽ നടന്നു. വിവാഹം ജനുവരി മൂന്നിന് തോമാപുരം സെന്റ് തോമസ് പള്ളിയിൽ നടക്കും.